Society Today
Breaking News

കൊച്ചി: ഒക്ടോബര്‍ 10 മുതല്‍ 13 വരെ നടക്കുന്ന 16ാമത് അഗ്രികള്‍ച്ചറല്‍ സയന്‍സ് കോണ്‍ഗ്രസിന് കൊച്ചി വേദിയാകും. ഡല്‍ഹിയിലെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സ് (നാസ്) സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഇത്തവണ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആര്‍ഐ) ആതിഥ്യമരുളുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കാര്‍ഷികഭക്ഷ്യസംവിധാനങ്ങളുടെ പരിവര്‍ത്തനം എന്ന പ്രമേയത്തിലാണ് സമ്മേളനം.സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള പ്രമുഖരായ ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ കാര്‍ഷികഅനുബന്ധ മേഖലകളിലെ കണ്ടെത്തലുകളും ആശയങ്ങളും അനുഭവങ്ങളും പങ്കുവെക്കും.

ഭക്ഷ്യപോഷക സുരക്ഷ, കാലാവസ്ഥാവ്യതിയാനം, കാര്‍ഷിക ഉല്‍പാദന വ്യവസ്ഥ, ഉല്‍പന്നങ്ങള്‍, ജനിതകസാങ്കേതികവിദ്യകള്‍, മൃഗസംരക്ഷണം, ഹോട്ടികള്‍ച്ചര്‍, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം, പുത്തന്‍ സാങ്കേതികവിദ്യകള്‍, നയരൂപീകരണം തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചര്‍ച്ചകളുണ്ടാകും. പ്ലീനറികള്‍, പ്രത്യേക പ്രഭാഷണങ്ങള്‍, സാങ്കേതിക സെഷനുകള്‍, അഗ്രി എക്‌സ്‌പോ, സിംപോസിയങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗ മത്സരം, കര്‍ഷകരുമായും വ്യവസായികളുമായുള്ള സംവാദങ്ങള്‍ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന ഇനങ്ങള്‍.

ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 1500ലേറെ പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും.  സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും മറ്റും നൂതന കാര്‍ഷികസാങ്കേതികവിദ്യകള്‍ അഗ്രി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. സമ്മേളനത്തില്‍ നടക്കുന്ന പ്രസംഗമത്സരത്തില്‍ കാര്‍ഷിക സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. (www.16asc2023.in)   ഇമെയില്‍: 
16asc2023@gmail.com
 

Top